Sunday, August 2, 2015

മഞ്ജുതരം - 2


                                                    ശ്രീ. കലാമണ്ഡലം ഹൈദരലി


"എന്റെ കലാജീവിതത്തിൽ അന്യമതസ്തനെന്ന ഭ്രഷ്ട് ഇപ്പോഴും തുടരുന്നു" എന്ന് ശ്രീ. കലാമണ്ഡലം ഹൈദരലി തന്റെ ആത്മകഥയായ 'മഞ്ജുതരം'  പുസ്തകത്തിൽ   രേഖപ്പെടുത്തിയിട്ടുണ്ട്. 

ഞാൻ എന്നും തിരസ്കൃതനാണല്ലോ, എന്നെ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചവരുണ്ട്. അതിനെ കലാപരമായി എതിരിട്ടു മുന്നേറുവാനുള്ള      ആത്മബലം എനിക്കുണ്ടായി.  തിരസ്കാരങ്ങളിൽ തളർന്നിരുന്നുവെങ്കിൽ എന്താകുമായിരുന്നു? എന്നാണ് അദ്ദേഹം തന്റെ ആത്മകഥയിൽ ചോദ്യക്കുറി ഉന്നയിച്ചിട്ടുള്ളത്‌. 
  
ഒരിക്കൽ ഹൈദരലിക്കു വേണ്ടി ഒരു ക്ഷേത്രത്തിന്റെ മതിലു പൊളിച്ച കഥ. അതിന്റെ സത്യാവസ്ഥ അറിയാതെ പലരും പലരീതിയിൽ പറയുകയും കുറിപ്പിടുകയും   ചെയ്തിട്ടുണ്ട്. അന്നത്തെ കളി കാണുവാൻ ഞാനും അവിടെ ഉണ്ടായിരുന്നു. എന്റെ അനുഭവം  ഞാൻ പലതവണ ഫേസ്ബുക്കിലെ   അഭിപ്രായങ്ങളിൽ കൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഹരിപ്പാട്‌ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ മതിലാണ് ഹൈദരലിക്കു വേണ്ടി പൊളിച്ചതെന്നും വിശ്വസിക്കുന്നവരും ഉണ്ട്. അങ്ങിനെ തെറ്റി ധരിച്ചിരിക്കുന്നവർക്കു വേണ്ടി ഹൈദരലിയുടെ ആത്മകഥയിൽ  അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള  പ്രസ്തുത ഭാഗത്തെ നിങ്ങളുടെ മുൻപിൽ സമർപ്പിക്കുകയാണ്. 

"ഹരിപ്പാട്‌ രാമകൃഷ്ണന്റെ മരുമകനും എന്റെ ശിഷ്യനുമായ ദാമുവിന്റെ അരങ്ങേറ്റം ഹരിപ്പാട്‌ തലത്തോട്ട ക്ഷേത്രത്തിൽ വെച്ചാണ്. കൃത്യമായി പറഞ്ഞാൽ 1982-ൽ. അരങ്ങേറ്റത്തിന് ആശാൻ വരണമെന്ന് ശിഷ്യൻ നിർബ്ബന്ധിക്കുന്നു.  ദാമുവിന് എന്നെ അമ്പലത്തിൽ കയറ്റിപ്പാടിക്കണം. ഞാൻ പുറത്തു നിന്ന് ദക്ഷിണ വാങ്ങാം എന്ന് പറഞ്ഞു മാറി നിന്നു. ഏതായാലും രണ്ടുചേരി ഉണ്ടാകുമെന്നും ഞാൻ മാറി നിൽക്കാമെന്നും ആവർത്തിച്ചു പറഞ്ഞെങ്കിലും അവർ വിട്ടില്ല. അമ്പലമതിലിനോട്   ചേർന്നാണ് സ്റ്റേജ്. സ്റ്റേജിന്റെ പോക്കത്തിന് മതിലു പൊളിച്ച് സ്റ്റേജ ങ്ങോട്ട്‌ നീട്ടിപ്പണിഞ്ഞു. സ്റ്റേജിന്റെ അങ്ങേത്തല അമ്പലത്തിന്റെ അതിരിനപ്പുറത്താണ്. എനിക്ക് അവിടെ നിൽക്കാം.  വേഷം വരുന്നത് ക്ഷേത്രത്തിന്റെ പരിധിയിലുമാണ്. ഞാനും ശിങ്കിടിയും അവിടെ നിന്നു പാടി. കയ്യൊന്നു നീട്ടിയാൽ  അമ്പലം തൊട്ടമട്ടായി. ഏതായാലും ഈ ഒരു സംവിധാനത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. 
പിന്നെ അതേ സ്ഥലത്ത് മതിൽ  പൊളിക്കാതെയും   പാടാമെന്നായി. അന്ന് എനിക്കുവേണ്ടി പൊളിച്ചമതിൽ  ദാമുവിന്റെ ഉത്തരവാദിത്തത്തിൽ തന്നെ   കെട്ടി കൊടുക്കുകയും ചെയ്തു."

(കടപ്പാട്:   "മഞ്ജുതരം" ശ്രീ. കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥ) 

No comments: