Monday, August 3, 2015

മഞ്ജുതരം - 3



ദക്ഷിണ കേരളത്തിലെ പ്രസിദ്ധനായ കഥകളി ഭാഗവതരായിരുന്നു ശ്രീ. ചേർത്തല കുട്ടപ്പക്കുറു പ്പ്.  
കഥകളി സംഗീതന്ജനായിരുന്ന    ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരും ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പും തമ്മിലും ഒരു ബന്ധം ഉണ്ട്. ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതർ ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പിനെ മനസാ ശപിക്കേണ്ടിവന്ന ഒരു കഥയാണ് ആ ബന്ധം.

ചേർത്തലയിൽ നടന്ന ഒരു രുഗ്മാംഗദചരിതം കഥകളി.   ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായരുടെ രുഗ്മാംഗദനും ശ്രീ. കുടമാളൂർ കരുണാകരൻ നായരുടെ  മോഹിനിയും.  ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതർ പൊന്നാനിയും  ശിഷ്യനായ  ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ശിങ്കിടിയുമായി അരങ്ങിൽ. "മധുരതര കോമള വദനേ!" എന്ന പദം ഭാഗവതർ പാടിക്കൊണ്ടിരിക്കുംപോൾ സദസ്യരുടെ ഇടയിൽ ഒരു ബഹളം ഉണ്ടായതിനെ തുടര്‍ന്ന് കഥകളി ചില നിമിഷങ്ങള്‍ നിലച്ചു. ഗായകരുടെ നേര്‍ക്കുള്ള പ്രതിഷേധമാണ് ബഹളത്തിനു കാരണം എന്ന് മനസിലായപ്പോള്‍ ശ്രീ.വെങ്കിടകൃഷ്ണ  ഭാഗവതർ  ചേങ്കില താഴെ വെച്ചു. അപ്പോള്‍ സദസ്യരുടെ ഇടയില്‍ നിന്നും "കേറി പാടടോ കുറുപ്പേ" എന്ന് ഒരു ആജ്ഞയാണ് ഉയര്‍ന്നത്. സദസ്യരുടെ ഇടയിൽ നിന്നും എഴുന്നേറ്റ് അരങ്ങിലെക്കെത്തിയ  കുട്ടപ്പക്കുറുപ്പ്  ചേങ്കില കയ്യിലെടുത്ത്    "മധുരതര കോമള വദനേ!" എന്ന പദം പാടിത്തുടങ്ങി. ദയനീയ അവസ്ഥയിൽ ഗുരുനാഥനെ  നോക്കിനിന്ന  നമ്പീശനോട് ശങ്കിടി പാടുവാൻ ഭാഗവതർ അനുവാദവും  നല്കി. അന്നത്തെ കളിക്ക് പിന്നീട്    കാണികളിൽ ഒരാളായി ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതർ.

ശ്രീ. കുട്ടപ്പക്കുറുപ്പ് പൊന്നാനിയും ശ്രീ. നമ്പീശൻ ശങ്കിടിയുമായി അന്നത്തെ പാട്ട് കഥകളിയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.  അത്ര ഗംഭീരമായിരുന്നു അന്നത്തെ പാട്ട്. പക്ഷെ അധിക കാലം  അങ്ങിനെ പാടി വിജയിക്കാൻ ശ്രീ. കുറുപ്പിന്  സാധിച്ചില്ല. അദ്ദേഹത്തിൻറെ തൊണ്ട അടച്ചു. പിന്നീടുള്ള പല അരങ്ങുകൾ വിജയിക്കുകയും പല അരങ്ങുകൾ പരാജയപ്പെടുകയും ചെയ്തു.ശ്രീ. വെങ്കിട കൃഷ്ണ ഭാഗവതരുടെ ശാപമാണ് ഇതിന്റെ കാരണം എന്ന് കഥകളി ലോകം പ്രഖ്യാപിച്ചു. ഒരിക്കലെങ്കിലും ശ്രീ. വെങ്കിടകൃഷ്ണ ഭാഗവതരെ കണ്ട് ക്ഷമ ചോദിച്ചാൽ ഈ ശാപം മാറിക്കിട്ടും എന്ന് ആസ്വാദകരും കലാകാരന്മാരും അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. എന്നാൽ കുറുപ്പ്  അതിനു വശംവദനായില്ല.

ശ്രീ.  നീലകണ്ഠൻ നമ്പീശന്റെ   ശിഷ്യന്മാർ പലരും ശ്രീ. കുട്ടപ്പക്കുറുപ്പിന്റെ ശിങ്കിടി ഗായകരായി അരങ്ങിൽ   പ്രവർത്തിച്ചിട്ടുണ്ട്.   ശ്രീ. കലാമണ്ഡലം ഹൈദരലി രണ്ടു തവണ ശ്രീ. കുട്ടപ്പക്കുറുപ്പിന്റെ കൂടെ പാടുവാനുള്ള യോഗം തനിക്കു ഉണ്ടായി എന്ന് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 





                                       ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പ്‌ (ചേങ്കില)
(ശ്രീ. ചേർത്തല കുട്ടപ്പക്കുറുപ്പ്‌ അവർകളുടെ ഫോട്ടോ  Hariharanmony Ramakrishnan  അവർകളോട് കടപ്പാട്)

ശ്രീ. ചേർത്തല  കുട്ടപ്പക്കുറുപ്പാശാനെപറ്റിയുള്ള   
സ്മരണകൾ   ശ്രീ. ഹൈദരലി തന്റെ ആത്മകഥയിൽ  രേഖപ്പെടുത്തിയിട്ടുള്ളവ വായനക്കാരുടെ മുന്നിൽ ഇതാ സമർപ്പിക്കുന്നു.

കലാമണ്ഡലത്തിൽ അവസാന കൊല്ലത്തെ പരീക്ഷയായി. ചേർത്തല കുട്ടപ്പക്കുറുപ്പാണ് പരീക്ഷകനായി വരുന്നതെന്ന് അറിയുവാൻ കഴിഞ്ഞു. നമ്പീശനാശാന് അദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിൻറെ അടുത്തേക്കൊന്നും  താനെത്തുകയില്ല എന്ന് കലാപരമായ കഴിവിനെ മതിപ്പായി പറയുന്നത് കേട്ടിട്ടുണ്ട്. 

ശ്രീ. കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ  


പരീക്ഷ ദിവസം വന്നു. ചേർത്തല കുട്ടപ്പക്കുറുപ്പ് ആശാന്റെ വലിയ കണ്ണുകളുമായുള്ള ഇരിപ്പ് എപ്പോഴും മനസ്സിലുണ്ട്.

"ഭൈരവി കേൾക്കട്ടെ" അദ്ദേഹം പറഞ്ഞു.    പരീക്ഷയുടെ ദൈർഘ്യം ഒന്നേകാൽ  മണിക്കൂർ ആയിരുന്നു. പല പദങ്ങളും പാടിപ്പിച്ചു. ഇരട്ടി എടുപ്പിച്ചു. പരീക്ഷാഫലം വന്നപ്പോൾ മാടമ്പിക്കും തിരൂർ നമ്പീശനും എനിക്കും ഫസ്റ്റ്ക്ലാസ്സ് കിട്ടി. 


                                                   ശ്രീ. കലാമണ്ഡലം ഹൈദരലി

                                         ശ്രീ. മാടമ്പി സുബ്രഹ്മണ്യൻ  നമ്പൂതിരി.

                                                            ശ്രീ. തിരൂർ നമ്പീശൻ


കെ. എൻ. പിഷാരടി കലാമണ്ഡലം ചെയർമാനായിരുന്ന കാലം. അദ്ദേഹമാണ് സർട്ടിഫിക്കറ്റ്  ഒപ്പിട്ടത്. കുട്ടപ്പക്കുറുപ്പ് ആശാന് എന്നെ വലിയ മതിപ്പായിരുന്നെന്ന് അദ്ദേഹം ചിലരോട് എന്നെ പറ്റി പറഞ്ഞത് കേട്ടപ്പോൾ മനസ്സിലായി : 
'ആ  മുസ്ലീം കുട്ടിയില്ലേ, അവൻ മിടുക്കനാണ്. ഭാവിയുള്ളോനാ.'  

No comments: