Friday, August 14, 2015

ശ്രീമതി. പെരുന്ന ലീലാമണി



കഥകളി കലാകാരിയായ ശ്രീമതി. ചവറ പാറുക്കുട്ടി ചേച്ചിയേപ്പോലെ കഥകളി ലോകത്ത് പ്രശസ്തിയാർജ്ജിച്ചു വരേണ്ടിയിരുന്ന ഒരു കഥകളി കലാകാരിയായിരുന്നു  ശ്രീമതി. പെരുന്ന (ചങ്ങനാശേരി) ലീലാമണി.
  
                                                                          ശ്രീമതി. ചവറ പാറുക്കുട്ടി 
    
 ഗുരു. ചെങ്ങന്നൂർ രാമൻ പിള്ള , ശ്രീ.വാഴേങ്കട കുഞ്ചു നായർ ആശാൻ,  ബ്രഹ്മശ്രീ, മാങ്കുളം    വിഷ്ണുനമ്പൂതിരി, ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ, ശ്രീ. ചമ്പക്കുളം പാച്ചുപിള്ള, ഗുരു. ചെങ്ങന്നൂരിന്റെ ശിഷ്യന്മാർ തുടങ്ങിയ പ്രമുഖരായ കലാകാരന്മാരോടൊപ്പം കഥകളി    അരങ്ങുകളിൽ   സജീവമായി പങ്കെടുത്തുകൊണ്ടിരുന്ന ലീലാമണിയെ  പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ശ്രീ.ദേവരാജൻ മാസ്റ്റർ വിവാഹം ചെയ്തതോടെ കഥകളി ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 




കോട്ടയം ജില്ലയിലെ മണിമലയ്ക്ക് സമീപം ഏറത്തുവടകര എന്നൊരു ഗ്രാമം ഉണ്ട്. അവിടെ എനിക്ക്  ഒരു ബന്ധു വീടുണ്ട്.  1970 - കളിൽ എന്റെ മുത്തശ്ശിയെയും കൂട്ടി (പിതാവിന്റെ അമ്മ)    ഞാൻ അവിടെ പോയിരുന്നു.  അവിടെ അടുത്തു തന്നെയായിരുന്നു ശ്രീമതി.  ലീലാമണിയുടെ സഹോദരി താമസിച്ചിരുന്നത്.  ചേച്ചിയുടെ നായകനായി എന്റെ പിതാവ് ധാരാളം അരങ്ങിൽ വേഷമിട്ടിട്ടുള്ളത് സ്മരിച്ചുകൊണ്ട് അവർ ബന്ധു വീട്ടിലെത്തി മുത്തശ്ശിയെ വീട്ടിലേക്ക്കൂട്ടിപ്പോവുകയും സ്നേഹ മര്യാദകളോട് പെരുമാറുകയും ചെയ്തു. 

ശ്രീ. ഉള്ളൂർ കൃഷ്ണൻ നായർ

ഫോട്ടോയിൽ മേൽനിരയിൽ വലതു ഭാഗത്ത് നിൽക്കുന്ന ശ്രീ. ഉള്ളൂർ കൃഷ്ണൻ നായർ തിരുവനന്തപുരത്തെ ഒരു പ്രധാന  കഥകളി ആസ്വാദകനും വിമർശകനും ആയിരുന്നു. തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന  വികടകേസരി എന്ന മാസികയുടെ ചീഫ്എഡിറ്റർ കൂടി ആയിരുന്നു  അദ്ദേഹം.

1970  കാലഘട്ടത്തിൽ തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ ചുമതലയിൽ  കാർത്തിക തിരുനാൾ തിയേറ്ററിൽ കിരാതം കഥകളി അവതരിപ്പിച്ചിരുന്നു. ശ്രീ. പള്ളിപ്പുറം ഗോപാലൻ നായർ ആശാന്റെ കാട്ടാളൻ, ശ്രീ.മയ്യനാട് കേശവൻ പോറ്റിയുടെ കാട്ടാളത്തി, ശ്രീ. ചെന്നിത്തല ചെല്ലപ്പൻപിള്ള ആശാന്റെ അർജുനൻ എന്നിങ്ങനെ വേഷക്കാരും പാട്ടിനു ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായർ ശ്രീ. രാമചന്ദ്രൻ നായർ എന്നിവരും ശ്രീ. വാരണാസി സഹോദരന്മാരുടെ മേളവും ആയിരുന്നു. അവിടെ വെച്ചാണ് ശ്രീ. ഉള്ളൂർ കൃഷ്ണൻ നായർ അവർകളെ  ഞാൻ ആദ്യമായി കാണുന്നത്. 

ക്ലബ്ബു കളി കണ്ടശേഷം രാത്രിയിൽ   അദ്ദേഹം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്കാണ് പോയത്. അവിടെയും ഒരു കിരാതം കഥകളി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കാട്ടാളനും, ശ്രീ. ചിറക്കര മാധവൻ കുട്ടിയുടെ  കാട്ടാളത്തിയും ശ്രീ. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ അര്ജുനനും. പാട്ടും മേളവും  ക്ലബ്ബു കളിക്കു പങ്കെടുത്തവർ തന്നെയായിരുന്നു.  
 രണ്ടു കളികളും കണ്ട് ഒരു താരതമ്മ്യപഠനം നടത്തി അത്  അടുത്ത ലക്കം വികടകേസരിയിൽ  അദ്ദേഹം പ്രസിദ്ധീകരിച്ചതും എന്റെ ഓർമ്മയിൽ ഉണ്ട്. 

No comments: